രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പൊലീസിൽ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം, അച്ചടക്ക നടപടി വൈകുന്നതിൽ കോൺ​ഗ്രസിൽ അമർഷം

പാലക്കാട്: ബലാത്സം​ഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് – കർണാടക അതിർത്തിയിൽ എത്തി. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടതിൽ പോലീസിന് സംശയമുണ്ട്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്. എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുലെത്തിയ വിവരത്തിൽ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.

അതേ സമയം രാഹുലിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസിൽ അമർഷം ഉയരുന്നുണ്ട്. കോടതി തീരുമാനം കാക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തി. നേരത്തെയുള്ള നടപടിയാണ് രാഷ്ട്രീയ നേട്ടം എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. വിധി നോക്കിയായിരിക്കും പുറത്താക്കലിൽ തീരുമാനം എടുക്കുക.

Exit mobile version