രാഹുൽ വിഷയത്തിൽ വരും മണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനതീരുമാനം വരും; ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം മുതൽ പാർട്ടി എടുത്ത നിലപാട് സുതാര്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. കോൺഗ്രസ് പാർട്ടി ഇരകളായ സ്ത്രീകൾക്കൊപ്പമാണെന്നും ദീപ്തി പറഞ്ഞു. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല എന്നതാണ് പാർട്ടിനയം. ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നതിൽ കോൺഗ്രസ് ഒറ്റകെട്ടാണെന്നും ദീപ്തി വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ വരും മണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്ന് പ്രധാനതീരുമാനം വരുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

അതേസമയം യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വിധി ഇന്നുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും ഇന്നും വാദം തുടരുക. ഇന്നലെ ഒന്നരമണിക്കൂറിലേറെയാണ് വാദം തുടര്‍ന്നത്. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. ഇന്ന് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

Exit mobile version