രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി: വ്യക്തിപരമായ ബന്ധം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് പാർട്ടി സ്വീകരിക്കുന്ന നടപടിയുടെ വിശദാംശങ്ങള്‍ കെപിസിസി അധ്യക്ഷന്‍ ഉചിതമായ സമയത്ത് അറിയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി.

ഏഴാംദിനവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചുവെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വടകര എംപി. ‘ഇത്തരം ഘട്ടങ്ങളില്‍ വേറെ ഒരു പ്രസ്ഥാനവും ചെയ്യുന്ന കാര്യങ്ങള്‍ അല്ല കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. പരാതി വരുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പാർലമെന്‍ററി പാർട്ടിയില്‍ നിന്നുമൊക്കെ നീക്കം ചെയ്തു. ഇപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ നടക്കുന്നു. കൂടുതലായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷന്‍ അത് സംബന്ധിച്ച കാര്യം അറിയിക്കും’ – ഷാഫി പറമ്പില്‍ പറഞ്ഞു.

‘എന്‍റെ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും എന്‍റേയും കൂടിയാണ്. എല്ലാവരും യോജിച്ച് എടുക്കുന്ന തീരുമാനമാണ്. വ്യക്തിപരമായ അടുപ്പമോ, അടുപ്പക്കുറവോ പാർട്ടി തീരുമാനങ്ങളെ ബാധിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്ത അതേ പാർട്ടിയില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും പ്രവർത്തിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാന്‍ഒരുപാട് അധ്വാനിച്ചിട്ടുള്ള വ്യക്തി തന്നെയാണ് ഞാന്‍. ആ പദവിയില്‍ നിന്നൊക്കെ അദ്ദേഹത്തെ മാറ്റിനിർത്താന്‍ പാർട്ടി തീരുമാനിച്ചപ്പോള്‍ എന്‍റെ ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ ബന്ധം പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ’ അദ്ദേഹം ചോദിച്ചു.

Exit mobile version