തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുലിന്റെ അഭിഭാഷകൻ ഹർജിയിൽ പറയുന്നുണ്ട്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിക്കെതിരെ സീൽവെച്ച കവറിൽ രാഹുൽ ഡിജിറ്റൽ തെളിവുകളും കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗർഭച്ഛിദ്രം നടത്തിയത് യുവതിയുടെ താല്പര്യപ്രകാരമാണെന്നടക്കം തെളിയിക്കുന്ന രേഖകളാണ് ഇതിലെന്നായിരുന്നു പുറത്തുവന്ന വിവരം.
രാഹുലിനെ പ്രതിരോധത്തിലാക്കുന്നതാണ് പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട്. വൈദ്യപരിശോധനയിൽ യുവതിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയതായാണ് ഡോക്ടറുടെ റിപ്പോർട്ട്. വൈദ്യപരിശോധനാ റിപ്പോർട്ടിലാണ് നിർണായക വിവരം. മുറിവുകൾ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
അതേസമയം പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുലിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ് പൊലീസ്. തമിഴ്നാട്- കർണാടക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
രാഹുലിനെതിരെ മറ്റൊരു യുവതികൂടി പരാതിയുമായി രംഗത്തുവന്നതോടെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും യുവതി പരാതി നൽകിയിട്ടുണ്ട്. ഇതോടെ രാഹുലിന്റെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യവും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന അഭിപ്രായവും കോൺഗ്രസിൽ ഉയർന്നു. മുതിർന്ന നേതാക്കളടക്കം രാഹുലിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ്. പ്രാഥമിക അംഗത്വത്തിൽനിന്ന് രാഹുലിനെ പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. രാഹുൽ വിഷയം തിരിച്ചടിയാകുമെന്ന അഭിപ്രായം ഉയരുമ്പോൾ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാകും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ സമ്മർദത്തിലായിരിക്കയാണ് ഹൈക്കമാൻഡ്. പരാതികൾ ഹൈക്കമാൻഡിലേക്കും എത്തിയതോടെയാണ് സമ്മർദത്തിലായത്. വിഷയം ദേശീയതലത്തിൽ ബിജെപി ആയുധമാക്കുമോ എന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തിൽ കേരളം തുടർനടപടികൾ എത്രയുംവേഗം എടുക്കണം എന്നാണ് നിർദേശം. കേരളത്തിൽ എത്തുന്ന കെ സി വേണുഗോപാൽ നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.
