എറണാകുളം: ഇസ്‌ലാം നിയമപ്രകാരം രണ്ട് വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ ഭാര്യമാരെ ഒരുപോലെ പരിഗണിക്കണമെന്ന് ഹൈക്കോടതി. രണ്ടാം വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ ആദ്യ വിവാഹത്തിലുള്ള ഭാര്യയ്ക്കും തുല്യ അവകാശം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്തുക എന്നത് സ്‌നേഹത്തിലും വാത്സല്യത്തിലും മാത്രമുള്ള തുല്യതയല്ല. പരിപാലനത്തിനുള്ള തുല്യത കൂടിയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
രണ്ടാം ഭാര്യയെ പരിപാലിക്കണം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ആദ്യ ഭാര്യയുടെ ജീവനാംശം ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം. മക്കള്‍ക്ക് സാമ്പത്തിക ശേഷി ഉണ്ടെങ്കിലും ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്നും കോടതി പറഞ്ഞു.
