തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. മാസാമാസം നിലപാട് മാറ്റിപറയുന്ന ശീലം തനിക്കില്ല. മുകേഷിനെ സംരക്ഷിക്കുന്ന സിപിഐഎമ്മിന് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘എന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു തടസ്സവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല’, ബിന്ദു കൃഷ്ണ പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സിപിഐഎമ്മിന് യാതൊരു യോഗ്യതയുമില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. അതേസമയം ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്‍ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും രാഷ്ട്രീയത്തിന്റെ മൂല്യം ധാര്‍മ്മികതയാണെന്നുമായിരുന്നു ബിന്ദുകൃഷ്ണ നേരത്തെ അഭിപ്രായപ്പെട്ടത്. രാഹുല്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും രാജിവെക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.
