ആന്തൂരില്‍ മൂന്നിടത്ത് കൂടി എല്‍ഡിഎഫിന് വിജയം; ഇതോടെ ജയം അഞ്ചിടത്ത്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി എല്‍ഡിഎഫിന് ജയം. രണ്ടിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. 18ാം വാര്‍ഡായ തളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ വി പ്രേമരാജന് എതിരില്ല. 13ാം വാര്‍ഡായ കോടല്ലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷമീമയുടെ പത്രികയാണ് തള്ളിയത്. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ രജിയതയ്ക്കും എതിരില്ല. അഞ്ചാം പീടിക 26ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി കെ ലിവ്യ പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു.

ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍ എന്നിവര്‍ക്കും എതിരില്ല.

20 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നല്‍കിയത്. എന്നാല്‍ ആന്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും അവരുടെ നിര്‍ദേശകരെയും സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി അവര്‍ പരാതി ഉയര്‍ത്തിയിരുന്നു. മൈലാട്, തളിയില്‍, ആന്തൂര്‍, അഞ്ചാംപീടിക, വെള്ളിക്കീല്‍ വാര്‍ഡുകളില്‍ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദേശര്‍ക്കും എതിരെ ഭീഷണി ഉയര്‍ന്നുവെന്നായിരുന്നു പരാതി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നും അത് വെള്ളപേപ്പറില്‍ ഒപ്പിട്ട് തരണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

എന്നാല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ അതില്‍ സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചത്.

Exit mobile version