സ്‌കൂൾ മേല്‍ക്കൂര ചോരുമ്പോഴും ആദർശ ശുദ്ധി തെളിയിക്കാനാണ് ശ്രമം; പി എംശ്രീ പണം നിരസിച്ചത് മണ്ടത്തരം: ശശി തരൂർ

കൊച്ചി: സംസ്ഥാനം പി എം ശ്രീ പദ്ധതി നിരസിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്‌കൂള്‍ മേല്‍ക്കൂര ചോരുമ്പോഴും ആദര്‍ശ ശുദ്ധി തെളിയിക്കാന്‍ ആണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരം ആയെന്നും ശശി തരൂര്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.

‘ഇത് നമ്മുടെ പണമാണ്. അത് സ്വീകരിക്കണം. ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം. പക്ഷെ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും. സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു. എന്നിട്ടും പണം സ്വീകരിച്ചില്ല’, ശശി തരൂര്‍ പറഞ്ഞു. ആദ്യമായാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശശി തരൂര്‍ പ്രതികരിക്കുന്നത്.

സിപിഐ അടക്കം മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ നിന്നും വിമര്‍ശനം ശക്തമായതോടെയായിരുന്നു പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കേരളം കത്തയച്ചത്. പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് സിപിഐ- സിപിഐഎം പരസ്യപോരിലേക്കും വഴിവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ സമവായത്തിലെത്തുകയായിരുന്നു.

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. പിന്നാലെ പിഎം ശ്രീ കരാറില്‍ ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നല്‍കാനും പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും തീരുമാനിക്കുകയായിരുന്നു.

Exit mobile version