IRൽ തീരുന്ന ബിഎൽഒമാർ: ബംഗാളിൽ ഒരാൾ ജീവനൊടുക്കി, മധ്യപ്രദേശിൽ 2 മരണവും ഒരു കാണാതാകലും; സമ്മർദമെന്ന് ആരോപണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ബിഎല്‍ഒമാര്‍ കുഴഞ്ഞ് വീണ് മരിച്ചു. റൈസന്‍ ജില്ലയിലെ രാമാകാന്ത് പാണ്ടേ, ദാമോ ജില്ലയിലെ സീതാറാം ഗോണ്ട് എന്നിവരാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുമായി ബന്ധപ്പെട്ട ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള അമിത ജോലിഭാരവും സമ്മര്‍ദ്ദവും കാരണമാണ് മരണമെന്നാണ് രണ്ട് പേരുടെയും കുടുംബം ആരോപിക്കുന്നത്. റൈസന്‍ ജില്ലയില്‍ നിന്നും നാരായണ്‍ ദാസ് സോണിയെന്ന ബിഎല്‍ഒയെ കാണാതായിട്ട് ആറ് ദിവസമായെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ചില രോഗലക്ഷണങ്ങള്‍ കാണിച്ചാണ് രാമാകാന്ത് പാണ്ഡേ മരിച്ചതെന്ന് സബ് ഡിവിഷണല്‍ ഓഫീസറും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ ചന്ദ്രശേഖര്‍ ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ചെന്നും എല്ലാ രാത്രിയും അധിക മണിക്കൂറുകള്‍ ജോലി ചെയ്യിച്ചെന്നും രാമാകാന്ത് പാണ്ഡേയുടെ ഭാര്യ രേഖ ആരോപിച്ചു. സമയപരിധി പാലിക്കാന്‍ പാണ്ഡേയ്ക്ക് നിരന്തരം സമ്മര്‍ദങ്ങള്‍ വരാറുണ്ടായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ കഴിഞ്ഞ നാല് ദിവസമായി കൃത്യമായി ഉറങ്ങിയിരുന്നില്ലെന്നും രേഖ പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.30ന് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതിന് ശേഷം രാമാകാന്ത് പാണ്ഡേ ശുചിമുറിയില്‍ പോകുകയും അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്യുമറേഷന്‍ ഫോം പൂരിപ്പിക്കുന്നതിനിടയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സീതാറാം ഗോണ്ട് തലകറങ്ങി വീണതെന്ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥ എസ് കെ നേമ പറഞ്ഞു. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ഗോണ്ട് മരിച്ചത്. 1,319 വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കാനാണ് ഗോണ്ടിന് നല്‍കിയ ടാര്‍ഗെറ്റെന്നും എന്നാല്‍ തന്റെ ജോലിയുടെ 13 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് ജബുവ ജില്ലയിലെ ബിഎല്‍ഒ ഭുവന്‍ സിങ് ചൗഹാന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. എസ്‌ഐആറില്‍ അശ്രദ്ധ കാണിച്ചെന്ന് പറഞ്ഞ് സസ്‌പെന്‍ഷനിലായതിന് പിന്നാലെയാണ് ഭുവന്‍ സിങ് കുഴഞ്ഞു വീണത്.

അതേസമയം പശ്ചിമ ബംഗാളില്‍ ഒരു വനിതാ ബിഎല്‍ഒ കൂടി ആത്മഹത്യ ചെയ്തു. നാദിയയിലാണ് ബിഎല്‍ഒ ആത്മഹത്യ ചെയ്തത്. സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമ്മര്‍ദമുണ്ടായതായി കുടുംബം പറഞ്ഞു. കിടപ്പുമുറിയിലെ ഫാനിലാണ് ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വനിതാ ബിഎല്‍ഒയാണിത്.

Exit mobile version