ബസ് വ്യവസായത്തെ തകർക്കുന്നതിൽ പ്രതിഷേധം; റോബിൻ ബസിൻ്റെ ഉടമ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും

കോട്ടയം: റോബിന്‍ ബസിൻ്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയരായ സ്വകാര്യ ബസുടമകളാണ് ഇരുവരും. ബസ് വ്യവസായത്തെ സര്‍ക്കാര്‍ തകര്‍ക്കുന്നതിനുള്ള പ്രതിഷേധമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ഇവർ പറയുന്നത്.

റോബിന്‍ ഗിരീഷ് എന്ന് അറിയപ്പെടുന്ന പാറയില്‍ ബേബി ഗിരീഷ് കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മത്സരിക്കുന്നത്. പെര്‍മിറ്റിന്റെ പേരില്‍ സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും പോരാടിയ റോബിന്‍ ബസ് ഉടമയാണ് ബേബി ഗിരീഷ്. റോബിന്‍ ബസിന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഗിരീഷ് ബസ് സര്‍വീസ് ആരംഭിച്ചു. എന്നാല്‍ ഈ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെ കയറ്റുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഇത് വിവാദമായിരുന്നു. 2023 ഓഗസ്റ്റ് 30നായിരുന്നു റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ റോബിന്‍ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ റോബിന്‍ ബസിന് അനുകൂല വിധി വന്നു. അന്ന് മുതല്‍ റോബിന്‍ ബസ് സുഗമമായി സര്‍വീസ് നടത്തുകയാണ്. തന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയും നേടി. എന്നാല്‍ സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് ഗിരീഷ് പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസി ബസ് വിനോദയാത്രകള്‍ക്കായി സര്‍വീസ് നടത്തുന്നതിനെതിരെയാണ് ബോണി തോമസിന്റെ പോരാട്ടം. ലിറ്റില്‍ കിങ്ഡം ടൂറിസ്റ്റ് ബസുകളുടെ ഉടമ പൂഞ്ഞാര്‍ വെള്ളൂക്കുന്നേല്‍ പരവന്‍ പറമ്പില്‍ ബോണി തോമസ് പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെറ്റോ ജോസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി പയസ് ഈറ്റയ്ക്കക്കുന്നേല്‍ എന്നിവരാണ് ബേബി ഗിരീഷിനെതിരെ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് ചെറുവള്ളി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോഷി മൂഴിയാങ്കല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് എസ് ബിജു എന്നിവരാണ് ബോണി തോമസിന്റെ എതിരാളികള്‍.

Exit mobile version