തൃശൂർ: തൃശൂർ കോർപ്പറേഷനിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ചുവടുമാറ്റം. കുട്ടൻകുളങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി. പ്രാദേശിക എതിർപ്പിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ മാറ്റിയത്. പൂങ്കുന്നം കൗൺസിലറായിരുന്ന ഡോക്ടർ വി ആതിരയെ ആണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ആതിരയെ പിൻവലിച്ച് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് പാർട്ടി നീക്കം.
ബിജെപി സംസ്ഥാന അധ്യക്ഷൻ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആതിരയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക എതിർപ്പ് രൂക്ഷമായതിനെ തുടർന്ന് ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ഒടുവിൽ പ്രാദേശിക പ്രതിഷേധത്തിന് നേതൃത്വം വഴങ്ങുകയായിരുന്നു. ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപിക സ്ഥാനാർത്ഥിയാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല.
അതേസമയം സിപിഐയിൽ ചേർന്ന മുൻ ബിജെപി കൗൺസിലർ ഐ ലളിതാംബികയാണ് കുട്ടൻകുളങ്ങരയിലെ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി. തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനെ പ്രതിനിധീകരിച്ച് 2020 വരെ കൗൺസിലർ ആയിരുന്നു ലളിതാംബിക. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇവരെ സസ്‌പെൻഡ് ചെയ്യുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഡിവിഷൻ ബിജെപിക്ക് നഷ്ടമാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രാഷ്ട്രീയ രംഗത്തുനിന്നും മാറിനിന്നിരുന്ന ലളിതാംബിക കഴിഞ്ഞ ആഴ്ചയാണ് സിപിഐയിൽ ചേർന്നത്.
2020ൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് കുട്ടൻകുളങ്ങരയിൽ മത്സരിച്ചത്. എന്നാൽ ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ ഗോപാലകൃഷ്ണനെ തോൽപ്പിച്ച് യുഡിഎഫ് വിജയിക്കുകയായിരുന്നു. സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാവ് തന്നെ കോർപറേഷനിലേക്ക് മത്സരിക്കണമെന്ന പാർട്ടി തീരുമാനത്തിന് പിന്നാലെയാണ് ബി ഗോപാലകൃഷ്ണന് സീറ്റ് നൽകിയത്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്നു ഗോപാലകൃഷ്ണൻ.
