ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ; ജയിലിലേക്ക് നേതാക്കളുടെ ഘോഷയാത്രയാണ്: വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ഇനി ചോദ്യം ചെയ്യേണ്ടത് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ ക്രിമിനല്‍ക്കേസ് കൊടുക്കാന്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തില്ല. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നുനില്‍ക്കുകയാണ്. അധികാരം ഉപയോഗിച്ച് സിപിഐഎം നേതൃത്വം ശബരിമല കൊള്ളയടിക്കുകയാണ്. നേതാക്കള്‍ ഓരോന്നായി ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എന്‍ വാസു ജയിലിലേക്ക് പോയി. ഇപ്പോള്‍ മറ്റൊരു ദേവസ്വം ബോര്‍ഡ് അധ്യക്ഷനും ജയിലിലേക്ക് പോയി. ഇനി എസ്‌ഐടി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയാണ്. അദ്ദേഹത്തിന് ഇതിൽ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു’, വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രി വാസവന്റെയും കൂടി അറിവോടെയാണ് കൊള്ള നടന്നത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇതെല്ലാം എവിടെയെത്തുമായിരുന്നുവെന്നും വി ഡി സതീശന്‍ ചോദിച്ചു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊള്ള നടന്നത്. അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്തതിന് സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോള്‍ പാര്‍ട്ടിക്ക് കുഴപ്പമില്ലെന്നു പറയാന്‍ ഗോവിന്ദന് മാത്രമെ തൊലിക്കട്ടി കാണൂവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഒരാളെയും സംരക്ഷിക്കില്ല. ആര്‍ക്കുവേണ്ടിയും നിലപാട് വ്യത്യസ്തമായി എടുക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് കുറ്റവാളിയാകുന്നില്ല. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. നല്ലോണം വേവട്ടെ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Exit mobile version