എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്. പാര്‍ട്ടി കോടതിയെ സമീപിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

‘സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നിലപാട് സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്‌ഐആര്‍ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടും. വോട്ടര്‍ പട്ടികയില്‍ ഒരാള്‍ പോലും വിട്ടുനില്‍ക്കരുത്. നിയമയുദ്ധം അതിന്റെ വഴിക്ക് തുടരും. എല്ലാ പാര്‍ട്ടിയും വോട്ടര്‍പട്ടിക നിര്‍മാണത്തില്‍ ഇടപെടണം. പിന്നോട്ട് പോകാന്‍ പാടില്ല. വലിയ രീതിക്ക് വോട്ട് ചോര്‍ച്ച ഉണ്ടാകും. 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണം’, എം വി ഗോവിന്ദന്‍ പറഞ്ഞു.

പി എം ശ്രീ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തര്‍ക്കത്തില്‍ നിന്ന് സ്വയം പിന്മാറുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തദേശ തെരഞ്ഞെടുപ്പില്‍ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പദ്ധതി തയ്യാറാക്കി. പൊതു കാഴ്ചപ്പാട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ബിജെപി സ്വീകരിക്കുന്നത് കേന്ദ്രീകൃത നിലപാടാണ്. ഇത്തരം ശക്തികള്‍ക്കെതിരായ ജനവിധിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 60 ലക്ഷം പേരുടെ വോട്ട് അവകാശം നീക്കം ചെയ്‌തെന്നും ഇത് പരാജയത്തിന്റെ ഒന്നാം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ട് പിടിച്ചു. ഇവിഎം പോലും നേരെ പ്രവര്‍ത്തിച്ചില്ല. കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. രാഷ്ട്രീയ അജണ്ട ഇലക്ഷന്‍ കമ്മീഷനിലൂടെ സാധിച്ചു. ഇതായിരുന്നു മോദിയുടെ ഇന്നലത്തെ പ്രസംഗം. പെരുമാറ്റ ചട്ടം വന്ന ശേഷം 10000 രൂപ 1.5 കോടി ആളുകള്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിത്’, അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഇത് തടഞ്ഞെന്നും കോണ്‍ഗ്രസ് ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്ക് അനുകൂല സാഹചര്യം രൂപപ്പെടാന്‍ കാരണം കോണ്‍ഗ്രസാണെന്നും ഫലപ്രദമായി തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Exit mobile version