വെള്ളരിക്കുണ്ട്: തെരഞ്ഞെടുപ്പ് ഏതുമാകട്ടെ, ചിലയിടങ്ങളിലെ മത്സരങ്ങളില്‍ കൗതുകമേറിയ ചില കാര്യങ്ങളുണ്ടാകും. അത്തരമൊരു മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നടക്കുന്നത്. ഒരു കുടുംബം ജനവിധി തേടുകയാണ്. അച്ഛനും അമ്മയും മകളും മത്സരരംഗത്തുണ്ട്.
അച്ഛനും അമ്മയും ബിജെപി സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ മകള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. മാലോം നാട്ടക്കല്ലിലെ പുലിക്കോടന്‍ ദാമോദരന്‍ ബളാല്‍ പഞ്ചായത്തിലെ കാര്യോട്ടുചാല്‍ വാര്‍ഡിലും ഭാര്യ കെ ശാരദ മാലോം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. മകള്‍ പ്രശാന്തി മുരളി കാഞ്ഞങ്ങാട് നഗരസഭയിലാണ് മത്സരത്തിനിറങ്ങുന്നത്.
സിപിഐഎമ്മിന്റെ സിറ്റിംഗ് മോനാച്ച വാര്‍ഡിലാണ് പ്രശാന്തിയുടെ പോരാട്ടം. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലാണ് ദാമോദരന്റെയും ശാരദയുടെ മത്സരം. മൂവരുടെയും കന്നിമത്സരമാണ്.
ജില്ലയിലെ മറ്റൊരു കൗതുകമത്സരമാണ് സഹോദരങ്ങളുടേത്. തൃക്കരിപ്പൂര്‍ മീലായാട്ടെ മാപ്പിടിച്ചേരി വീട്ടില്‍ നിന്നാണ് സഹോദരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മനു മത്സരിക്കുന്നതെങ്കില്‍ സഹോദരന്‍ മഹേഷ് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.
