ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോര്‍ട്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ മേലുള്ള സമ്മർദ്ദം മൂലം പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭാന്ത്രിയില്‍ സ്‌ഫോടനം നടത്തിയെന്നാണ് നിഗമനം. കാറിലുണ്ടായിരുന്ന ബോംബ് പൂര്‍ണമായും വികസിപ്പിച്ച ബോംബല്ലെന്നും എന്‍ഐഎയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ ഗര്‍ത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്ന രീതിയിലുള്ള സ്‌ഫോടനമല്ല നടന്നതെന്നും സ്‌ഫോടനം നടക്കുമ്പോഴും കാര്‍ നീങ്ങുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ചെങ്കോട്ട സ്‌ഫോടനത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയില്‍ ഫരീദാബാദ്, സഹാരന്‍പുര്‍, പുല്‍വാമ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വലിയൊരളവില്‍ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്നും മൂന്ന് ഡോക്ടര്‍മാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. മുസമില്‍ ഷകീല്‍, ഉമര്‍ മുഹമ്മദ്, ഷഹീന്‍ ഷാഹിദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം സര്‍വകലാശാലയിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ആകെ 13 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഫരീദാബാദില്‍ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമര്‍ മുഹമ്മദാണ് ചെങ്കോട്ട സ്‌ഫോടത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്.
