തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട തന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപിയും ശാസ്ത്രമംഗലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയമായ ആര്‍ ശ്രീലേഖ. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ പൊക്കിപ്പിടിച്ചുവരികയാണെന്ന് ശ്രീലേഖ പറഞ്ഞു. പേടി തോന്നുന്നവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യരും മണക്കാട് സുരേഷുമായിരുന്നു ശ്രീലേഖയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും ശ്രീലേഖ പ്രതികരിച്ചു. വളരെ ഉത്സാഹവും ഊര്‍ജവും തോന്നുന്നതായി ശ്രീലേഖ പറഞ്ഞു. എപ്പോഴും തനിക്ക് യുവത്വമാണ്. യൂണിഫോം ഇട്ടുനടന്നപ്പോഴുള്ള പേടിയും ബഹുമാനവും ആളുകള്‍ക്ക് ഇപ്പോഴില്ല. പേടി ഇല്ലാത്തതാണ് തനിക്ക് ഇഷ്ടമെന്നും ശ്രീലേഖ പറഞ്ഞു. മേയര്‍ ആകുമോ എന്ന ചോദ്യത്തിന്, തന്റെ ഉദ്ദേശം വാര്‍ഡില്‍ ജയിക്കുക എന്നതാണെന്നും പദവികള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമില്ല എന്നുമായിരുന്നു. എല്‍ഡിഎഫിനെതിരെയും ശ്രീലേഖ പ്രതികരിച്ചു. നടക്കാത്ത പൊങ്കാലയുടെ പേരില്‍ കോടികള്‍ എഴുതിയെടുത്തവരാണ് എല്‍ഡിഎഫ്. കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് ഭരണം വളരെ മോശമാണെന്നും ശ്രീലേഖ പ്രതികരിച്ചു.
ഇന്നലെ ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെയും മണക്കാട് സുരേഷിന്റെയും പ്രതികരണം. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്.
