പ്രമുഖരെ ഇറക്കി തലസ്ഥാനം പിടിക്കാൻ ബിജെപി; മുന്‍ ഡിജിപി ആർ. ശ്രീലേഖയും വി.വി രാജേഷും അടക്കം മത്സരരംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 67 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പുറത്തുവിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രഖ്യാപനം നടത്തിയത്. പ്രമുഖരെ അടക്കം ഉൾപ്പെടുത്തിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.

മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി വി. രാജേഷ് കൊടുങ്ങാനൂരില്‍ മത്സരിക്കും. മുൻ കായികതാരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പത്മിനി തോമസ് പാളയത്തും കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവും മത്സരിക്കും. കരമന അജിത് കരമനയിൽ ബിജെപി സ്ഥാനാർത്ഥിയാകും.

കോണ്‍ഗ്രസ് വിട്ടെത്തിയ മഹേശ്വരൻ നായരും തമ്പാനൂര്‍ സതീഷും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. പുന്നയ്ക്കാമുകളിൽ ആണ് മഹേശ്വരൻ നായർ മത്സരിക്കുക. ഒര് അവസരമാണ് ബിജെപി ജനങ്ങളോട് ചോദിക്കുന്നതെന്നും ഭരിക്കാൻ വേണ്ടി മാത്രമല്ല വികസിത അനന്തപുരി എന്ന ബിജെപിയുടെ കാഴ്ചപ്പാട് സൃഷ്ടിക്കാനാണെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്ത് ഏറ്റവും നല്ല ഭരണവും ഉറപ്പുവരുത്തുകയും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഭരണമുള്ള നഗരമാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ വലുതും ചെറുതുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന വികസിത ഭരണമാണ് ലക്ഷ്യമെന്നും അനന്തപുരിയുടെ സാധ്യതകൾ യാഥാർത്ഥമാക്കാനുള്ള ഭരണമാണ് ബിജെപി ഉറപ്പു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version