തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പരിശോധന തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം. വാതില്‍പ്പാളിയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ് എസ്‌ഐടി പരിശോധന നടത്തുന്നത്. ശാസ്ത്രീയ പരിശോധനയ്ക്കും എസ്‌ഐടി ലക്ഷ്യംവെയ്ക്കുന്നുണ്ട്. 2018 മുതലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചു.
ഇന്നലെയായിരുന്നു എസ്‌ഐടി സംഘം സന്നിധാനത്ത് എത്തിയത്. സ്വര്‍ണക്കൊള്ള നടന്ന കാലഘട്ടത്തിലെ വിവരങ്ങളാണ് ശേഖരിക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചതായാണ് സൂചന. അതിനിടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും എസ്‌ഐടി സംഘമെത്തി പരിശോധന നടത്തി. ചീഫ് എഞ്ചിനീയറുടെ ഓഫീസിലാണ് പരിശോധന നടന്നത്. വാതില്‍പ്പാളിയുടെ പകര്‍പ്പുണ്ടാക്കാനുള്ള അനുമതിയെക്കുറിച്ച് അടക്കമാണ് അന്വേഷണം നടത്തുന്നത്. അനുമതിയുടെ രേഖകള്‍ കണ്ടെത്താനുള്ള ശ്രമം തുടരും.
വാതില്‍പ്പടിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ മൂന്നാം പ്രതിയായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും എന്‍ വാസു ശക്തമായ ഇടപെടല്‍ നടത്തിയതായാണ് വിവരം. കേസില്‍ നേരത്തേ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു വാസുവിനെ ചോദ്യം ചെയ്തത്. വിളിച്ചാല്‍ എത്തണമെന്ന നിര്‍ദേശത്തോടെയായിരുന്നു വാസുവിനെ വിട്ടയച്ചത്. നിര്‍ണായക തെളിവുകള്‍ ശേഖരിച്ച ശേഷം വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.
ശബരിമലയിലെ സ്വര്‍ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗാമാകാമെന്ന സംശയം ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചായിരുന്നു ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചത്. വിഗ്രഹങ്ങളുടെ പകര്‍പ്പ് സൃഷ്ടിച്ച് രാജ്യാന്തര മാര്‍ക്കറ്റിലെത്തിക്കാന്‍ ശ്രമിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കുപ്രസിദ്ധനായ രാജ്യാന്തര കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമുണ്ടെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. 1999-ല്‍ വിജയ് മല്യ നല്‍കിയ വാതില്‍പ്പാളി ശബരിമലയില്‍ നിന്ന് കടത്തിയോ എന്നതിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
