മിനുട്സ് ക്രമരഹിതം; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് ക്രമരഹിതമെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി വിശ്വാസ്യതയില്ലാത്ത ആളാണെന്നും പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അഴിമതിയുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.

2025 ജൂലൈ 28 വരെയുള്ള മിനുട്സ് ക്രമരഹിതമാണ്. സെപ്റ്റംബറില്‍ ദ്വാരപാലകപ്പാളി കൊണ്ടുപോയ സമയത്തും മിനുട്സ് ബുക്കില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി. ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാനുള്ള അളവെടുക്കാന്‍ നന്ദന്‍ എന്ന ആശാരിയെ പോറ്റി നിയോഗിച്ചു. ദ്വാരപാലക ശില്‍പ്പപാളിയും വാതില്‍പ്പാളിയും ഇളക്കിമാറ്റിയാണ് നന്ദന്‍ അളവെടുത്തത്. നട തുറന്നിരുന്ന സമയത്ത് മേല്‍ശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു അളവെടുപ്പ്. ദേവസ്വം ബോര്‍ഡ് രേഖാമൂലമുള്ള അനുമതിയില്ലാതെയായിരുന്നു അളവെടുപ്പ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടുകള്‍ സംശയകരമാണ്. വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതെന്തിന്. ചെന്നൈയില്‍ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്നും അന്വേഷിക്കണം. 2025ല്‍ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാന്‍ അടിയന്തിര സാഹചര്യം സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോര്‍ഡ് അധികൃതര്‍ ബോധപൂര്‍വ്വം ലംഘിച്ചുവെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യതയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാന്‍ ഹൈക്കോടതി പ്രതിജ്ഞാബദ്ധമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് എസ്ഐടി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. സ്വമേധയാ സ്വീകരിച്ച പുതിയ ഹര്‍ജി ഹൈക്കോടതി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Exit mobile version