തിരുവനന്തപുരം: അന്‍പത്തിയൊന്ന് സീറ്റുകള്‍ നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് കെ എസ് ശബരീനാഥന്‍. പാര്‍ട്ടി അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. തിരുവനന്തപുരത്തിന്റെ മുന്നേറ്റം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തിന്റെ പ്രൗഢി വീണ്ടെടുക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശബരീനാഥന്‍.
താന്‍ വലിയ പഞ്ച് ഡയലോഗ് പറയുന്നതോ വിസ്‌ഫോടനം നടത്തുന്നതോ ആയ ആളല്ല. ഉള്ളിന്റെ ഉള്ളില്‍ താനൊരു പാര്‍ട്ടിക്കാനാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുക എന്നത് ഉത്തരവാദിത്തമാണ്. ചിലയിടങ്ങളില്‍ സിപിഐഎമ്മും മറ്റ് ചിലയിടങ്ങളില്‍ ബിജെപിയും സ്‌ട്രോങ്ങാണ്. എന്നാല്‍ തിരുവനന്തപുരം ആത്യന്തികമായി കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണ്. അവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ശബരീനാഥന്‍ പറഞ്ഞു. മികച്ച പാനലാണ് കോണ്‍ഗ്രസിനുള്ളതെന്നും ശബരീനാഥന്‍ പറഞ്ഞു. ആശാസമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍, തിരുവനന്തപുരം എന്‍ജീനിയറിങ് കോളേജിലെ അധ്യാപിക, ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്ത ആള്‍ ഉള്‍പ്പെടെ പാനലിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ആശാവര്‍ക്കര്‍ മുതല്‍ ടെക്കിവരെ. അത് തിരുവനന്തപുരത്തിന്റെ പരിച്ഛേദമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. വീട്ടമ്മമാര്‍ അടക്കമുള്ള സ്ലീപ്പര്‍ സെല്ലുകളാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്നും ശബരീനാഥന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണയെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ആരോപണത്തിനും ശബരീനാഥന്‍ മറുപടി പറഞ്ഞു. ശിവന്‍കുട്ടി ധാരണയുടെ മുന്നില്‍ നില്‍ക്കുന്ന ആളാണെന്നായിരുന്നു പിഎം ശ്രീ വിഷയം ഉയര്‍ത്തി ശബരീനാഥന്‍ പറഞ്ഞത്. മേയറായി പ്രവര്‍ത്തിച്ച ആളാണ് ശിവന്‍കുട്ടി. അദ്ദേഹം മേയറായിരുന്ന കാലത്ത് താന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. താന്‍ മത്സരിച്ചാലും സതീശന്‍ മത്സരിച്ചാലും അത് യുഡിഎഫിന് വേണ്ടിയാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തിലായിരുന്നു ശബരീനാഥനെ മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാനുള്ള തീരുമാനംകൈക്കൊണ്ടത്. ഇന്നലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മത്സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയില്‍ മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കും. ലൈംഗികാരോപണ വിധേയനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുന്‍പ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആളാണ് നീതു.
