ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢലോചനക്കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉമര്‍ ഖാലിദിന് പുറമേ ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് സൂപ്രീംകോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കും. അഞ്ച് വര്‍ഷത്തിലധികമായി റിമാന്‍ഡിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് ഉമർ അടക്കമുള്ളവരുടെ വാദം.
എന്നാല്‍ പ്രതികള്‍ ഇരവാദം പറയുന്നുവെന്നാണ് ഡല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. വിചാരണ വൈകുന്നതിന് പ്രതികള്‍ തന്നെയാണ് കാരണം. കേവലം ക്രമസമാധാനം തകര്‍ക്കാന്‍ മാത്രമല്ല, രാജ്യവ്യാപകമായി സായുധ വിപ്ലവത്തിനാണ് പ്രതികള്‍ ശ്രമിച്ചത്. സമാധാനപരമായ പ്രതിഷേധം എന്ന പേരില്‍ തീവ്രവാദത്തെ ഉത്തേജിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. അതിനായി സിഎഎ വിഷയം തെരഞ്ഞെടുത്തു. മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഫലമായിരുന്നു ഡല്‍ഹി കലാപം. പ്രതികളുടെ ഗൂഢാലോചന 53 പേരുടെ ജീവനെടുത്തു. വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തേ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ മറുപടി പറയാത്തതില്‍ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഗവേഷക വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷത്തിലധികമായി ഉമര്‍ അടക്കമുള്ളവര്‍ ജയിലിലാണ്. ജാമ്യം തേടി ഉമര്‍ അടക്കമുള്ളവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഉമര്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
