തിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ അടക്കമുള്ള വര്‍ധന അധിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എങ്ങനെ ഇക്കാര്യങ്ങള്‍ ചെയ്യും എന്ന ചോദ്യം ഉയരാം. സര്‍ക്കാര്‍ നല്ല ആത്മവിശ്വാസത്തോടെ തന്നെയാണ് ഇക്കാര്യങ്ങളെ കാണുന്നത്. ധനകാര്യ വകുപ്പും ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെയാണ് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് വലിയ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. പൂച്ചപെറ്റ് കിടക്കുന്നു, ഖജനാവ് കാലിയായി എന്നിങ്ങനെ പരിഹാസം ഉയര്‍ന്നു. സര്‍ക്കാരിന് ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനുള്ള സാവകാശമുണ്ട്. കൊവിഡും പ്രളയവും മറികടന്നതാണ്. ആ വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വന്‍ പ്രഖ്യാപനങ്ങളായിരുന്നു നടത്തിയത്. ക്ഷേമപെന്‍ഷന്‍ 1,600 രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി വര്‍ധിപ്പിച്ചു. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ധനവുണ്ട്. അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പെട്ടെന്ന് തീര്‍ത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സെ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വര്‍ധിപ്പിച്ചു. 50 രൂപയാണ് പ്രതിദിന കൂലിയില്‍ വരുത്തിയിരിക്കുന്ന വര്‍ധന. സാക്ഷരതാ ഡയറക്ടര്‍മാരുടെ ഓണറേറിയത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
