തിരുവനന്തപുരം: പിഎം ശ്രീയില്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക് സിപിഐ. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ആലോചിക്കുന്നത്. മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. എക്‌സിക്യൂട്ടീവില്‍ കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
അതേസമയം, രാഷ്ട്രീയമായി ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ആശയപരമായും രാഷ്ട്രീയപരമായും തീരുമാനമെടുക്കും. മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയുടെ വാതില്‍ തുറന്നുകിടക്കുകയാണ്. എല്‍ഡിഎഫിന് ആശയ അടിത്തറയുണ്ട്. ചര്‍ച്ചകളുണ്ടാകുമെന്നും മറ്റൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അൽപ സമയത്തിനകം ആലപ്പുഴയിൽ നടക്കും. പിഎം ശ്രീ വിഷയം ചർച്ചചെയ്യാനുള്ള നിർണായക നീക്കത്തിലാണ് സിപിഐഎമ്മും. ഇന്ന് സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽനിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്രസർക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിർക്കും. പിഎം ശ്രീ പദ്ധതി കേരളത്തിലെ സ്‌കൂളുകൾക്ക് അനിവാര്യമായ സംഗതിയല്ല. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിത്. ഫണ്ട് ലഭിച്ചില്ലെങ്കിൽ ബുദ്ധിമുട്ടിലാകും. വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതിയിൽ പെട്ടവർക്കും അർഹമായ 1500കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവർക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
