നവീന്‍ ബാബുവിന്റെ മരണം;പിപി ദിവ്യയും പ്രശാന്തും 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ഹര്‍ജി നൽകി കുടുംബം

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹര്‍ജി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയും നവീന്‍ ബാബു കൈകൂലി വാങ്ങിയെന്ന് ആരോപിച്ച ടി വി പ്രശാന്തും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പത്തനംതിട്ട സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി സ്വീകരിച്ച കോടതി ദിവ്യയ്ക്കും പ്രശാന്തിനും സമന്‍സ് അയച്ചു. നേരിട്ടോ അഭിഭാഷകര്‍ മുഖാന്തരമോ നവംബര്‍ 11-ന് ഹാജരാകാനാണ് നിര്‍ദേശം.

നവീന്‍ ബാബു കൈകൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹര്‍ജിയിലുണ്ട്. നവീന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദിവ്യയും പ്രശാന്തും അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചന വെളിച്ചത്തുകൊണ്ട് വരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും നവീന്റെ ഭാര്യ മഞ്ജുഷയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിക്ക് രക്ഷപ്പെടാന്‍ വഴി നല്‍കുന്ന സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ടെന്ന് അടക്കമുള്ള വിവരങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ഹര്‍ജി ഡിസംബറില്‍ സെഷന്‍സ് കോടതി പരിഗണിക്കും.2024 ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version