അടിമാലി മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവിനെയും പുറത്തെത്തിച്ചു; അതീവ ഗുരുതരാവസ്ഥയിൽ

അടിമാലി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവിനേയും പുറത്തെത്തിച്ചു. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. ബിജുവിൻ്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സന്ധ്യയെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. സന്ധ്യയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിവാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ഇതിനും മണിക്കൂറുകള്‍ക്ക് ശേഷം 4.50 ഓടെയാണ് ബിജുവിനെ പുറത്തെടുത്തത്.

അടിമാലി ലക്ഷംവീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി 10.20ഓടെയാണ് സംഭവമുണ്ടായത്. സ്ഥലത്ത് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടില്‍ എത്തിപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ മണ്ണിടിച്ചില്‍ ഉണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി. ഇതിനിടെ വീടിന് അകത്തുനിന്ന് ദമ്പതികളുടെ നിലവിളി കേള്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും അഗ്നിശമനസേനയുമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ പൊതുപ്രവർത്തകരും സ്ഥലത്തെത്തി. സന്ധ്യയെ പൊതുപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് പൊലീസിൻ്റെ നിർദേശപ്രകാരം ജെസിബിയും സ്ഥലത്തെത്തിച്ചു. ജെസിബി ഉപയോഗിച്ച് ആദ്യം മണ്ണ് നീക്കം ചെയ്യുകയാണ് ചെയ്തത്. പിന്നാലെ കോണ്‍ക്രീറ്റ് പാളികളും മാറ്റി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചു. ചുറ്റിക ഉപയോഗിച്ച് കോണ്‍ഗ്രീറ്റ് പാളികള്‍ സാവകാശം പൊട്ടിച്ചു. ഇതിനിടെ സന്ധ്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും വെള്ളം നല്‍കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത കുറഞ്ഞതോടെ അതിനുള്ള സൗകര്യവും ഒരുക്കി.

ഇതിനിടെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകും മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, എഡിഎം അടക്കമുള്ളവരും സ്ഥലത്തെത്തി. 3.27 ഓടെ സന്ധ്യയെയാണ് ആദ്യം പുറത്തെടുത്തത്. പിന്നാലെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് സാരമായ പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

Exit mobile version