ന്യൂഡല്‍ഹി: കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗാളില്‍ ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ തുടങ്ങി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു. ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാനാണ് തീരുമാനം.
എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തില്‍ എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന് ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ എസ്ഐആര്‍ നടപ്പാക്കുക. ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന പതിനൊന്ന് രേഖകള്‍ ഹാജരാക്കേണ്ടിവരും.
