കണ്ണൂര്‍: തളിപ്പറമ്പില്‍ കോടതി നടപടികൾ മൊബൈലില്‍ ചിത്രീകരിച്ച സംഭവത്തില്‍ സിപിഐഎം നേതാവിന് 1000 രൂപ പിഴ ചുമത്തി. കോടതി പിരിയും വരെ കോടതിയില്‍ നില്‍ക്കാനും ഉത്തരവിട്ടു. ആദ്യം അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് പിഴയില്‍ ശിക്ഷ ഒതുക്കുകയായിരുന്നു. കൂടാതെ ജ്യോതി കോടതിക്ക് മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തു. അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്നും മരിച്ചവരോട് ബഹുമാനം കാണിക്കണമെന്നും കോടതി ജ്യോതിയോട് പറഞ്ഞു.
സിപിഐഎം നേതാവും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ കെ പി ജ്യോതി കോടതി നടപടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പയ്യന്നൂരിലെ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെ സാക്ഷി വിസ്താരം നടക്കുമ്പോളാണ് പ്രതിചേര്‍ക്കപ്പെട്ടവരുടെ ദൃശ്യം ജ്യോതി പകര്‍ത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. പിന്നീടാണ് ശിക്ഷ പിഴ നൽകുന്നതിലേക്ക് ചുരുക്കിയത്.
2016 ജൂലൈ 11നാണ് പയ്യന്നൂര്‍ കാരന്താട്ട് സ്വദേശിയായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പ്രതികളാണുള്ളത്. കേസില്‍ ഒന്നാം സാക്ഷിയെ വിസ്തരിച്ച ശേഷം മറ്റ് പ്രതികളെ വിസ്താരം ചെയ്യുമ്പോളായിരുന്നു ജ്യോതി തന്റെ മൊബൈല്‍ ഫോണില്‍ കോടതിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജ്യോതി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ജഡ്ജിന്റെ ശ്രദ്ധിയില്‍പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്.
