കോൺ​ഗ്രസ് നേതാക്കളും പാർട്ടി എംപിമാരും എംഎൽഎമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് എഐസിസി

ഡല്‍ഹി : കോവിഡ് മഹാമാരി രാജ്യത്താകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എ ഐ സി സി രംഗത്ത്.

ദുരിത ബാധിതരേയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്നവരേയും സഹായിക്കാൻ സംസ്ഥാനങ്ങളിൽ പി സി സി തലത്തിൽ മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായും ദേശീയ തലത്തിൽ പാർട്ടിയും പോഷക സംഘടനകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിൽ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനം തുടങ്ങുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു.

കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ദൂരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിക്കാനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി വരുന്നതിനിടയിലാണ് സംഘടനാപരമായി ദുരിതാശ്വാസ നടപടികൾ ശക്തിപ്പെടുത്താൻ പാർട്ടി തീരുമാനിച്ചത്.

സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ദുരന്ത പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആശ്വാസ നടപടികളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജാഗ്രത പുലർത്താനും നടത്തിപ്പ് ഫല പ്രദമല്ലെങ്കിൽ അത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്ന് പൊതുജനങ്ങൾക്ക് ഗുണകരമായ രീതിയിൽ നടത്തിപ്പ് ഉറപ്പാക്കാനും നടപടി സ്വീകരിക്കും.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ ബ്ലോക്ക് തലം വരെയുള്ള പാർട്ടി ഘടകങ്ങൾക്കും നിർദ്ദേശം നൽകി. പി സി സി ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പാർട്ടിയുടെ കൺട്രോൾ റൂമുകൾ തുറക്കും.

Exit mobile version