മകന്റെ മുന്‍ ഭാര്യ ഐശ്വര്യ റായിയുടെ സഹോദരിക്ക് സീറ്റ് നല്‍കി ലാലു; ലക്ഷ്യം കുടുംബ ബന്ധം പുനഃസ്ഥാപിക്കല്‍

പട്ന: തന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹമോചന വാര്‍ത്തകള്‍ക്കും പിന്നാലെ കുടുംബത്തിനും മരുമകള്‍ക്കുമുണ്ടായ അപമാനത്തിനും പ്രായശ്ചിത്തം ചെയ്ത് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. തേജ് പ്രതാപിന്റെ മുന്‍ ഭാര്യയായിരുന്ന ഐശ്വര്യ റായിയുടെ സഹോദരി ഡോ. കരിഷ്മ റായ് സരണ്‍ ജില്ലയിലെ പ്രശസ്തമായ പാര്‍സ മണ്ഡലത്തില്‍ മത്സരിക്കാനായി ആര്‍ജെഡി തെരഞ്ഞെടുത്തതോടെയാണിത്. തേജ് പ്രതാപുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഐശ്വര്യയുടെ പിതാവും ലാലുവിന്റെ വലംകൈയും മുന്‍ മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുമായുള്ള ബന്ധം വഷളായിരുന്നു. ഇത് പുന:സ്ഥാപിക്കുകയെന്ന ലക്ഷ്യവും കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയപരമായി സരണില്‍ വളരെക്കാലം കുടുംബം ആധിപത്യം പുലര്‍ത്തിയിരുന്നു. ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ ആര്‍ജെഡിയിലും പ്രതിഫലിച്ചിരുന്നു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രികാ റായ് പാര്‍ട്ടി വിട്ടിരുന്നു.

മൂത്ത മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തേജിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ആറു കൊല്ലത്തേക്കാണ് പുറത്താക്കിയത്.

12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള ചിത്രം ഉൾപ്പെടെയായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലാലു പ്രസാദിന്റെ നടപടി.

അതേസമയം, തേജ് പ്രതാപ് യാദവ് സ്വന്തം പാര്‍ട്ടിയായ ജനശക്തി ജനതാദളിന്റെ സ്ഥാനാര്‍ഥിയായി മഹുവ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Exit mobile version