വിശ്വാസ സംരക്ഷണ ജാഥ വേദിയിലേക്ക് അബിനെ തോളിലേറ്റി പ്രവര്‍ത്തകര്‍; മുദ്രാവാക്യം വിളിക്കല്ലേയെന്ന് ഷിയാസ്

മൂവാറ്റപുഴ: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ അബിന്‍ വര്‍ക്കിയെ തോളിലേറ്റി പ്രവര്‍ത്തകര്‍. വിശ്വാസ സംരക്ഷണ ജാഥ വേദിയിലേക്കാണ് അബിന്‍ വര്‍ക്കിയെ പ്രവര്‍ത്തകര്‍ തോളിലേറ്റി എത്തിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

അതിനിടെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംഭവത്തില്‍ ഇടപെട്ട് മുദ്രാവാക്യം വിളിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് നിര്‍ത്തി. ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന്‍ എംപിയാണ് നയിക്കുന്നത്. ജാഥ ഉദ്ഘാടനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍.

അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി അറിയിച്ച് ഐ ഗ്രൂപ്പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടെന്നാണ് പരാതി. സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

അതിനിടെ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിര്‍മ്മിച്ച പന്തല്‍ പരിപാടി ആരംഭിക്കുംമുന്‍പ് തകര്‍ന്നുവീണത് ആശങ്കയ്ക്കിടയാക്കി. പന്തലിനകത്ത് കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വലിയ അപകടം ഒഴിവായത് ആശ്വാസമാണെന്നും ഷിയാസ് പറഞ്ഞിരുന്നു.

Exit mobile version