പാട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായതായി എന്‍ഡിഎ. ബിജെപിയും ജെഡിയുവും 101 സീറ്റ് വീതം മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ അറിയിച്ചു. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍റെ ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്) 29 സീറ്റിലും രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം)യും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്എഎം) യും ആറ് സീറ്റ് വീതം മത്സരിക്കും. ഒരു സീറ്റിലെങ്കിലും അധികം മത്സരിക്കണമെന്ന ജെഡിയു ആവശ്യത്തെ ബിജെപി കാര്യമായെടുത്തില്ല.
ബിഹാറിലെ എന്‍ഡിഎയിലെ മുന്നണികള്‍ സീറ്റ് വിഭജനം സ്വാഗതം ചെയ്‌തെന്നും നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും ധര്‍മേന്ദ്ര പ്രഥാന്‍ പറഞ്ഞു. ബിഹാറില്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്നും ബിഹാര്‍ തയ്യാറായിരിക്കുകയാണെന്നും പ്രഥാന്‍ എക്‌സില്‍ കുറിച്ചു.
ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ചെറു പാര്‍ട്ടികളുമായി എന്‍ഡിഎയുമായി ധാരണയിലാകുകയായിരുന്നു. നാളെ വിവിധ പാര്‍ട്ടികള്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
എന്‍ഡിഎ ഘടകകക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കാണ് തല്‍ക്കാലം ഇതോടെ വിരാമമായിരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ കലാപം ഉയര്‍ത്തിയ എച്ച്എഎം നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയെ അനുനയിപ്പിക്കാന്‍ സാധിച്ചതും എന്‍ഡിഎയ്ക്ക് ആശ്വാസമായി. പ്രതീക്ഷിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ 20 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു മാഞ്ചിയുടെ ഭീഷണി.
അതേസമയം സീറ്റ് വിഭജനത്തില്‍ മഹാസഖ്യം ധാരണയിലെത്തിയതായാണ് വിവരം. ആര്‍ജെഡി 135 സീറ്റിലും കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിച്ചേക്കും. 2020ല്‍ ആര്‍ജെഡി 144 സീറ്റിലും കോണ്‍ഗ്രസ് 70 സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് പാര്‍ട്ടികള്‍ക്കും സീറ്റുകളുടെ എണ്ണം കുറയും. കഴിഞ്ഞ തവണ 19 സീറ്റില്‍ മത്സരിച്ച സിപിഐഎംഎല്ലിന് 20 സീറ്റ് നല്‍കാനാണ് ധാരണ. 12 സീറ്റുകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
