ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം; സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്നു. വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധവുമായി എത്തുകയായിരുന്നു.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇവിടെ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. കണ്ണൂര്‍ തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കൊല്ലത്ത് ചവറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി സെക്രട്ടറി അരുണ്‍രാജിന്റെ നേതൃത്വത്തിലാണ് ഉപരോധം. ഒട്ടുമിക്ക ജില്ലകളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

രാത്രി വൈകിയും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനമെന്നാണ് ഈ ഘട്ടത്തില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ പ്രതിഷേധം ആരംഭിച്ചത്. നാളെയും സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

കോഴിക്കോട് പേരാമ്പ്രയില്‍ വൈകിട്ട് അഞ്ച് മണിയോടെ എല്‍ഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേ സമയത്ത് തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും ആറ് മണിയോടെ ആരംഭിച്ചു.

കേരള ടൂർ പാക്കേജുകൾ
രണ്ട് വിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഇതിനിടെ ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

Exit mobile version