രാഹുൽ മാങ്കൂട്ടത്തിൽ സർക്കാർ പരിപാടിയിൽ; ആരോപണങ്ങൾക്കും വിവാദങ്ങള്‍ക്കും ശേഷമുള്ള ആദ്യ ഔദ്യോഗിക പരിപാടി

പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനായിരുന്നു രാഹുലെത്തിയത്. പാലക്കാട് – ബെംഗളൂരു കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ന് രാത്രി 9 മണിക്കാണ് ഫ്‌ലാഗ് ഓഫ് നടന്നത്. രാഹുലിനെ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് രാഹുല്‍ പാലക്കാടെത്തിയത്. മണ്ഡലത്തില്‍ എത്താതിരിക്കാന്‍ തനിക്ക് ആകില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ വരവ് വലിയ വിവാദമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് രാഹുല്‍ പാലക്കാടെത്തിയതെന്നായിരുന്നു വിവരം.

മണ്ഡലത്തിലെത്തും മുന്‍പെ രാഹുല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം ഡിസിസിയും ജില്ലാ മുസ്ലിം ലീഗും കെപിസിസിയെ അറിയിച്ചിരുന്നു. ബെന്നി ബഹനാന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പം ഏറെനേരം ഇരിക്കുന്നതിന്റെയും പിന്തുണക്കുന്നതിന്റെയും ചിത്രവും പുറത്ത് വന്നിരുന്നു.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുല്‍ മണ്ഡലത്തിലെത്തിയപ്പോള്‍, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയായിരുന്നു പാലക്കാട് കണ്ടത്.

Exit mobile version