കോട്ടയം: എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കും. തന്റെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി സമ്മേളനത്തിലായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി സുകുമാരന്‍ നായരുടെ പ്രസ്താവന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു പിന്നാലെ ഉയര്‍ന്നത്.
