തിരുവനന്തപുരം: ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കം പിടികൂടിയെന്നും സംഭവത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വജയൻ. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം കൂട്ടും. ജയിലിലെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചു. രാഷ്ട്രീയ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യം ജയിലുകളിൽ കിട്ടുന്നില്ല. അതൊക്കെ ദുഷ്‌പ്രചാരണങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ എംഎൽഎമാർ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട പശ്ചാത്തലത്തിൽ വിഷയം സഭയിൽ ഉന്നയിച്ചത്.
അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിരുന്നു. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷം മാത്രമാണ്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിരുന്നു.
