കല്‍പ്പറ്റ: വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എൻ ഡി അപ്പച്ചൻ്റെ രാജി ചോദിച്ച് വാങ്ങിയതെന്നാണ് സൂചന. നിലവിൽ അപ്പച്ചൻ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ ഐസക്ക് 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ധീഖ് എംഎൽഎയുടെ പിന്തുണയും ഐസക്കിനുണ്ട്. , കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്‍റെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.
എൻ എം വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകളും അപ്പച്ചൻ ആരോപണ വിധേയനായതും കോൺഗ്രസിൽ വലിയ വിവാദമുണ്ടാക്കിയിരുന്നു. അടിക്കടിയുള്ള വിവാദങ്ങളിൽ പ്രിയങ്കാഗാന്ധി നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
കെപിസിസി നേതൃത്വത്തിൽ ആലോചിച്ച മുണ്ടക്കൈ-ചൂരൽമല പുനരധിവാസപദ്ധതി ഉൾപ്പെടെ നടക്കാതെപോയതിലും സ്ഥലമേറ്റെടുപ്പുപോലും പൂർത്തീകരിക്കാത്തതിലും പ്രിയങ്കയ്ക്ക് എതിർപ്പുണ്ടായിരുന്നു. മറ്റുജില്ലകൾക്കൊപ്പം വയനാട്ടിലും നേതൃമാറ്റമെന്ന നിലപാടായിരുന്നു കെപിസിസി കൈകൊണ്ടത്. എന്നാൽ വയനാട്ടിൽമാത്രം ഉടനെ പ്രസിഡന്റിനെ മാറ്റണമെന്ന് പ്രിയങ്ക നിലപാടെടുക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
എൻ ഡി അപ്പച്ചൻ പ്രിയങ്കാഗാന്ധിയുടെ പരിപാടികളിലൊന്നും ഒപ്പമുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കെ പി സി സി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എൻ ഡി അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകുമെന്നും കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെ പി സിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
