രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; മണ്ഡലത്തിലെത്തുന്നത് 38 ദിവസങ്ങള്‍ക്ക് ശേഷം

പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ ആദ്യമായി പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ മണ്ഡലത്തിലെത്തിയത്. ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് രാഹുല്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. അതേസമയം രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു. സേവ്യരുടെ വീട്ടില്‍ നിന്ന് രാഹുല്‍ ഇറങ്ങിയെങ്കിലും എംഎല്‍എ ഓഫീസിലേക്ക് പോകുന്നില്ലെന്നാണ് സൂചന. മറ്റ് പരിപാടികളില്‍ പങ്കെടുക്കില്ലെന്നും വിവരം ലഭിക്കുന്നുണ്ട്. ശനിയാഴ്ച രാഹുല്‍ മണ്ഡലത്തിലെത്തുമെന്ന് അറിയിപ്പുണ്ടായപ്പോള്‍ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു.

പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. ഔദ്യോഗിക പരുപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. വ്യക്തിപരമായ പരുപാടികള്‍ പങ്കെടുക്കുന്നതില്‍ പ്രശ്നമില്ല. എംഎല്‍എ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഷാഫി പറമ്പിലിന്‍റെ പിന്തുണയോടെയാണ് രാഹുലിന്‍റെ യാത്രയെന്ന് ഡിവൈഎഫ്ഐ നേതാവ് എ കെ ഷാനിബും പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകും. പ്രതിഷേധങ്ങള്‍ക്കൊപ്പം ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും ഷാനിബ് പറഞ്ഞു.

നിയമസയില്‍ എത്താത്ത രാഹുല്‍ മണ്ഡലത്തിലെത്താന്‍ സജീവമായി തയ്യാറെടുക്കുകയാണെന്ന സൂചന ലഭിച്ചിരുന്നു. നിയമസഭയില്‍ ആദ്യ ദിനം മാത്രമാണ് രാഹുല്‍ പങ്കെടുത്തത്. സഭയിലെത്തരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നാണ് രാഹുല്‍ സഭയിലെത്തിയത്.

Exit mobile version