ആലപ്പുഴ: കൊറോണക്കാലത്ത് ആലപ്പുഴ കൈനകരിയിലെ കുടുംബങ്ങൾക്ക് സഹായമായി കുടുംബശ്രീയുടെ അഞ്ചു വനിതകൾ ചേർന്ന് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ എല്ലാ സാധനങ്ങളും ലഭ്യമാക്കി ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റ് ഒരുക്കി. വാടകയ്ക്കെടുത്ത ബോട്ടിലാണ് ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം.
കുടുംബശ്രീ വനിതകളായ സലിലമ്മ, പ്രീത, പവിത, അർച്ചന എന്നിവരാണ് ഫ്ളോട്ടിങ്ങ് സൂപ്പർമാർക്കറ്റുമായി രംഗത്തിറങ്ങിയത്.
രാവിലെ തന്നെ വാർഡ് മെമ്പർമാർ, അയൽക്കൂട്ട പ്രതിനിധികൾ എന്നിവരുടെ വാട്ട്സാപ് ഗ്രൂപ്പുകളിലേക്ക് ഓരോ ബോട്ട്ജെട്ടിയിലും സൂപ്പർമാർക്കറ്റ് എത്തുന്ന വിവരം അറിയിക്കും. ഇതു പ്രകാരം ഓരോ ജെട്ടിയിലും സൂപ്പർമാർക്കറ്റ് അടുക്കുമ്പോൾ ആളുകളെത്തി അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുകയാണ് ചെയ്യുന്നത്.