സ്വർണ്ണപ്പാളികളിലെ തൂക്കക്കുറവ് മനഃപ്പൂർവ്വം നടത്തിയ തിരിമറിയാകാം; ഭരണതലത്തിൽ ഗുരുതര വീഴ്ച്ച: ഹെെക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളികളിലെ തൂക്കക്കുറവുമായി ബന്ധപ്പെട്ട് ഗുരുതര വിമർശനവുമായി ഹൈക്കോടതി. സ്വർണ്ണപ്പാളി ഉൾപ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞത് മനഃപ്പൂർവ്വം നടത്തിയ തിരിമറിയാകാമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ, ഭരണതലത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കി. 2019ൽ സ്വർണ്ണപ്പാളിയുമായുള്ള യാത്രയിലും കോടതി ദുരൂഹത ഉന്നയിച്ചു. സ്വർണ്ണപ്പാളിയുടെ സ്‌പോൺസർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർ ആരും തന്നെ പോയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം സ്വര്‍ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരംകുറഞ്ഞതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു . വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കായി താങ്ങുപീഠം നിര്‍മ്മിച്ചുനല്‍കിയിരുന്നെന്നും അതെവിടെയെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞത്. ആ താങ്ങുപീഠങ്ങള്‍ സ്‌ട്രോംഗ് റൂമിലുണ്ടോ എന്ന് പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പ്രതികരണം.

2019-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളി വയ്ക്കാനായി കൊണ്ടുപോകുന്നതിന് മുന്‍പ് 42 കിലോ 800 ഗ്രാം ആയിരുന്നു ലോഹത്തിന്റെ ഭാരം. ഒന്നേകാല്‍ മാസത്തിന് ശേഷം ഭാരം 38 കിലോ 258 ഗ്രാമായി. 4 കിലോ 451 ഗ്രാം ഭാരം കുറഞ്ഞു. 2019-ന് മുന്‍പും സ്വര്‍ണാവരണമുളള പാളിയാണ് അതെന്നും രേഖകള്‍ പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ദം ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാമെന്നും ലോഹത്തിന്റെ ഭാരം എങ്ങനെയാണ് കുറഞ്ഞതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ലോഹത്തിന്റെ ഭാര നഷ്ടം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വിശദമായി പരിശോധിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കണം. സത്യം വെളിച്ചം കാണട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പരാതിയില്ലെന്ന് സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയിരുന്നു. താങ്ങുപീഠത്തില്‍ ഈയത്തിന്റെ അംശം ഉളളതുകൊണ്ടാകാം സ്വര്‍ണം നഷ്ടപ്പെട്ടതെന്നും ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കായി നിര്‍മ്മിച്ചുനല്‍കിയ താങ്ങുപീഠം എവിടെയെന്ന് അറിയില്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു.

Exit mobile version