തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെതിരെ പാർട്ടിയിൽ പടയൊരുക്കം. ഷജീറിനെതിരെ പരാതി നൽകാൻ ഒരു വിഭാഗം നേതാക്കൾ ഒരുങ്ങുകയാണ്. പാർട്ടി സസ്പെൻഡ് ചെയ്തയാൾക്കൊപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതി ചെയർമാനുമാണ് പരാതി നൽകുക. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുക.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിർപ്പടക്കം അവഗണിച്ചാണ് രാഹുൽ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീർ അടക്കമുളള യുവ നേതാക്കൾക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുൽ എത്തിയത്. സഭയിൽ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുൽ സഭയിൽ നിന്നിറങ്ങിയിരുന്നു.
പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നും നിയമസഭയില്‍ എത്തില്ല. ഇന്ന് നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും അവഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിയമസഭയില്‍ രാഹുല്‍ വന്നാലും പരിഗണിക്കില്ല.
ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് കടുപ്പിക്കും. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സതീശന്‍ തള്ളിപ്പറഞ്ഞേക്കുമെന്നാണ് വിവരം. അതേസമയം രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിലും പാലക്കാട് ഡിസിസിയില്‍ അവ്യക്തതയുണ്ട്. രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതിലാണ് വ്യക്തതയില്ലാത്തത്. വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാനാണ് ഷാഫി പറമ്പില്‍ എംപിയുടെ പക്ഷത്തിന്റെ തീരുമാനം. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.
