തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. നീന്തൽ കുളങ്ങൾ അടിയന്തരമായി ശുചീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.റിസോർട്ട്, വാട്ടർ തീം പാർക്ക്, നീന്തൽ പരിശീലന കേന്ദ്രം ഉൾപ്പടെ എല്ലായിടത്തും നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാദിവസവും ക്ലോറിനേറ്റ് ചെയ്യണമെന്നും ക്ലോറിൻ അളവ് പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ക്ലോറിനേഷൻ രജിസ്റ്റർ അധികാരപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധമായും പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ജലശയങ്ങളിലേക്ക് മാലിന്യം തള്ളുന്നത് തടയണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കുളത്തില്‍ കുളിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് സംശയം. തുടര്‍ന്ന് ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള്‍ ആരോഗ്യവകുപ്പ് പൂട്ടി. വെളളത്തിന്റെ സാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനേഴുപേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ്അമീബിക് മസ്തിഷ്‌കജ്വരം. അക്കാത്ത അമീബ, സാപ്പിനിയ, ബാലമുത്തി വെര്‍മമീബ, നെഗ്ലേറിയ ഫൗലേറി എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ജ്വരമുണ്ടാവുകയും ചെയ്യുന്നു. 90 ശതമാനത്തിലധികം മരണനിരക്കുളള രോഗമാണിത്.
