രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പുമായി സതീശൻ; കൈവിടരുതെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയാല്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നാണ് വി ഡി സതീശന്റെ മുന്നറിയിപ്പ്. ഭരണകക്ഷി അംഗങ്ങള്‍ മാങ്കൂട്ടത്തിലിന്റെ പീഡനം ആയുധമാക്കുമെന്നും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളും പരാതികളും പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്‍പാകെ ചില പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതില്‍ പലതും സ്‌ഫോടകാത്മകമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍. വിഷയം ഭരണപക്ഷം ആയുധമാക്കുമെന്നും അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അടക്കം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും സതീശന്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടിലേക്ക് സതീശന്‍ നീങ്ങിയത്.

പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും രാഹുലിനെ കൈവിടരുതെന്നാണ് ഷാഫി പറമ്പില്‍ അടക്കം എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. രാഹുലിനെ ചേര്‍ത്തുനിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരും എ ഗ്രൂപ്പിലുണ്ട്. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഇവരുടെ പക്ഷം. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കൂടിയാലോചനകള്‍ക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം കോണ്‍ഗ്രസ് ഇതുവരെ സ്പീക്കറെ അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നാണ് സൂചന.

Exit mobile version