രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ പരാതി: യുവനടിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ യുവനടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അശ്ലീല സന്ദേശം അയച്ചതായി വെളിപ്പെടുത്തിയ നടിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുല്‍ അയച്ച സന്ദേശങ്ങളുടെ പകര്‍പ്പ് നടി ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ചത്.

നേരത്തെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മൊഴി നല്‍കാന്‍ താല്‍പ്പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. രണ്ട് യുവതികളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായും പൊലീസ് സംസാരിച്ചിരുന്നു. നിയമനടപടിക്ക് ഇവരും സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം.

യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയുടെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു യുവനടി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും ‘ഹു കെയേഴ്സ്’ എന്നതായിരുന്നു അയാളുടെ ആറ്റിറ്റ്യൂട് എന്നും അവർ പറഞ്ഞിരുന്നു.

സംഭവം വിവാദമായി മാറിയതോടെ നിരവധിപേർ രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്നതിന്റെ ശബ്ദരേഖയും വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഉൾപ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്നു.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാന്‍ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്‍ഡുകള്‍ കൊണ്ട് കൊല്ലാന്‍ സാധിക്കുമെന്നുമാണ് രാഹുല്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version