അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.

ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവര്‍ക്ക് പിന്നാലെയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം. ഇന്ന് രാവിലെയാണ് രതീഷിന്റെ മരണം സംഭവിച്ചത്.

കഴിഞ്ഞ കുറേ നാളുകളായി രതീഷ് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശ്രവ പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തീവ്രപരിചരണത്തിലായിരുന്ന ഇയാളെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

അതേസമയം പതിനൊന്ന് പേര്‍ കൂടി അസുഖബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ കാസര്‍കോട് സ്വദേശിയായ യുവാവിന്റെ അവസ്ഥയും ഗുരുതരമായി തുടരുകയാണ്. ഇടവിട്ട് തുടര്‍ച്ചയായി അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പുറമേ ഇതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യമാണ്. ഇതേ തുടര്‍ന്ന് ആശങ്ക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാണെങ്കിലും മരണ സംഖ്യകള്‍ വര്‍ധിക്കുകയാണ്. മുന്നറിയിപ്പുകളും ജാഗ്രതാനിര്‍ദേശങ്ങളെല്ലാം തുടരുന്നതിനിടയിലാണ് അടുത്ത മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version