കേരളത്തിൽ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്; മികച്ച പ്രവർത്തനത്തനങ്ങളുടെ നേട്ടമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവെന്ന് റിപ്പോർട്ട്. ദേശീയ ശരാശരി 25 ആയിരിക്കുമ്പോഴാണ് കേരളം ശിശുമരണ നിരക്കിൽ അഞ്ചിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശു മരണനിരക്ക്. അതേ സമയം കേരളത്തിലെ നവജാത ശിശു മരണ നിരക്ക് നാലിൽ താഴെയാണ്. ദേശീയ തലത്തിൽ 18 ഉള്ളപ്പോഴാണ് കേരളം നാലിൽ എത്തിയത്.

ഇത് വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. 2021-ലെ ശിശു മരണനിരക്കായ ആറിൽ നിന്നാണ് മികച്ച പ്രവർത്തനങ്ങളിലൂടെ അഞ്ചാക്കി കുറയ്ക്കാനായത്. 2023-ൽ 1,000 കുഞ്ഞുങ്ങളിൽ അഞ്ച് മരണങ്ങൾ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 1,000 ജനനങ്ങളിൽ 5.6 എന്ന നിരക്കിനേക്കാൾ കുറവാണ്.

കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. കുഞ്ഞുങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 8450 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുക വഴി അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാൻ സാധിച്ചു. കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

Exit mobile version