തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാർ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരായ സ്പെൻഷൻ ശുപാർശക്കെതിരെ വിമർശനവുമായി മർദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് രംഗത്ത്. സസ്‌പെന്‍ഷന്‍ അല്ല ആവശ്യമെന്നും അവരെ പിരിച്ചു വിടണമെന്നും വി എസ് സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സുജിത്ത് സസ്പൻഷൻ ശുപാർശയിൽ തൃപ്തി ഇല്ലെന്നും വ്യക്തമാക്കി. ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ലാത്തതിനെയും സുജിത്ത് വിമർശിച്ചു. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണമെന്നും വാർത്താസമ്മേളനത്തിൽ സുജിത്ത് ആവശ്യപ്പെട്ടു. എല്ലാ പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസിൽ കക്ഷിചേരുമെന്നും സുജിത്ത് വ്യക്തമാക്കി.
നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് പൊലീസുകാ മർദ്ദിച്ചതെന്നും സുജിത് പറഞ്ഞു. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും. സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തുമെന്നും സുജിത് വ്യക്തമാക്കി. ശശിധരൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചു. വധശ്രമത്തിനുള്ള വകുപ്പു കൂടി ഉൾപ്പെടുത്താൻ കോടതിയെ സമീപിക്കുമെന്നും സുജിത് വ്യക്തമാക്കി.
നേരത്തെ പൊലീസുകാര്‍ക്കെതിരെ കോടതി നടപടി തുടരുന്ന സാഹചര്യത്തിലായിരുന്നു ഡിഐജി റിപ്പോർട്ട് സമർപ്പിച്ചതച്. നിലവിലെ ശിക്ഷാനടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ ചെയ്തിരുന്നു. ഡി ഐ ജി ഹരിശങ്കറാണ് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
നേരത്തെ സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ്‌ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു വി ഡി സതീശന്റെ ആവശ്യം.
തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
