ആശ്വാസത്തിന്‍റെ ദിനം; കോട്ടയം ജില്ല കോവിഡ് വിമുക്തം;  മറിയാമ്മക്കും, തോമസിനും ആശ്വാസം … കൂടെ കോട്ടയംകാർക്കും

കോട്ടയം: കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി. ഇതോടെ കോട്ടയം കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവര്‍ ഇല്ലാത്ത ഏക ജില്ലയായി. കോവിഡ് രോഗം ജില്ലയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 23നാണ്.

മൂന്നാമത്തെ സാമ്പിള്‍ പരിശോധന നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഉച്ചയോടെ രേഷ്മ വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരും. കോവിഡ് ചികിത്സാ വിഭാഗത്തില്‍തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ രേഷ്മ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്നും ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ 93 വയസുള്ള റാന്നി സ്വദേശി തോമസും 88 കാരിയായ ഭാര്യ മറിയാമ്മയും ഇ വൈകുന്നേരമാണ് ആശുപത്രി വിട്ടത്. കൊറോണ സ്ഥിരീകരിച്ചതിനു പുറമെ പ്രായാധിക്യവും വിവിധ ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് ഇവരെ കോട്ടയത്തേക്ക് കൊണ്ടുവന്നത്.

പത്തനംതിട്ട ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണ് തോമസും മറിയാമ്മയും. ഇവരുടെ ബന്ധുക്കളായ ചെങ്ങളം സ്വദേശി റോബിനും ഭാര്യ റീനയ്ക്കുമാണ് കോട്ടയത്ത് ആദ്യമായി രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ നേരത്തെ രോഗവിമുക്തരായി ആശുപത്രി വിട്ടിരുന്നു.

ഇനി ജില്ലയില്‍ കൊറോണ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ മാത്രമാണ്. 3251 പേര്‍ വീടുകളില്‍
നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. 28 ദിവസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കും.

ആശുപത്രി വിട്ടവരെ യാത്രയാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, തീവ്രപരിചരണ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന ഡോ. വി.ടി. അനുരാജ്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Exit mobile version