സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശിയായ നാലുമാസം പ്രായമുള്ള ആണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. നേരത്തെ മലപ്പുറം സ്വദേശിനിയായ 52കാരിയും ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു.

മരിച്ച സ്ത്രീക്ക് കാര്‍ഡിയാക്ക് പ്രശ്നം ഉണ്ടായിരുന്നതായും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ ശേഷി കുറവായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. നെഗ്ലീറിയ വിഭാഗത്തില്‍പ്പെട്ട അമീബയാണ് രണ്ടുപേരുടേയും തലച്ചോറില്‍ പ്രവേശിച്ചത്. നിലവില്‍ കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വര ബാധിത കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഉപകരണം വാങ്ങാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ അനുവദിച്ചിരുന്നു. മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോണ്‍ട്രാസ്റ്റ് മൈക്രോസ്‌കോപ്പാണ് വാങ്ങുക. മന്ത്രിയുടെ വികസന ഫണ്ടില്‍നിന്നാണ് ഇതിനായി പണം അനുവദിച്ചത്. രോഗം ശാസ്ത്രീയമായി തിരിച്ചറിയാന്‍ സഹായകരമാവുന്ന ഉപകരണമാണിത്.

Exit mobile version