ബിജെപി നേതാക്കൾ കേട്ടോളൂ, ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബ്’; വീണ്ടും മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

പട്ന: വോട്ട് അധികാർ യാത്രയുടെ സമാപന ചടങ്ങിനിടെ ബിജെപിക്ക് വീണ്ടും മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. ബിജെപി നേതാക്കളോട് കരുതിയിരിക്കാനും ആറ്റം ബോംബിനെക്കാളും വലിയ ഹൈഡ്രജൻ ബോംബാണ് ഇനി വരാനിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇവ പുറത്തുവന്നാൽ മോദിക്ക് രാജ്യത്തെ ജനങ്ങളോട് മുഖം കാണിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

നേരത്തെ ആറ്റം ബോംബ് എന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് വോട്ട് ക്രമക്കേട് സംബന്ധിച്ചുളള ആരോപണം രാഹുൽ വാർത്താസമ്മേളനത്തിലൂടെ ഉയർത്തിയത്. ‘ഹൈഡ്രജൻ ബോംബ്’ പ്രയോഗം പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ചുളള സൂചനയെന്നാണ് കരുതപ്പെടുന്നത്. രാഹുലിന്റെ ഈ ‘ഹൈഡ്രജൻ ബോംബ്’ പ്രയോഗത്തിനെതിരെ ബിജെപി രംഗത്തുവന്നുകഴിഞ്ഞു. രാഹുലിന്റെ ഈ ആരോപണങ്ങളെല്ലാം പൊട്ടാത്ത ബോംബുകളാണെന്നും ഉന്നയിച്ച കാര്യങ്ങൾ സത്യമായിരുന്നെങ്കിൽ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ സത്യവാങ്മൂലം സമർപ്പിച്ചില്ല എന്നും ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് ചോദിച്ചു.

അതേസമയം, വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് അടക്കമുള്ളവരോടാണ് രാഹുല്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു രാഹുല്‍ നന്ദി പ്രകടിപ്പിച്ചത്. പട്‌നയിലെ ഗാന്ധിമൈതാനിയില്‍ നടന്ന യാത്രയുടെ സമാപന ചടങ്ങിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര ചരിത്രമാക്കിയതിന് ലാലു പ്രസാദ് യാദവ് ജി, തേജസ്വി യാദവ് ജി, ദിപന്‍കര്‍ ഭട്ടാചാര്യ ജി, മുകേഷ് ഷാനി ജി, ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഇന്‍ഡ്യ മുന്നണി ആക്ടിവിസ്റ്റുകള്‍, ബിഹാറിലെ യുവാക്കള്‍ തുടങ്ങിയവരോട് ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. ബിഹാറില്‍ വോട്ട് മോഷ്ടിക്കപ്പെടില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. ഞങ്ങള്‍ മുഴുവന്‍ ശക്തിയോടും കൂടി ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് പേരാണ് വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന യാത്രയില്‍ പങ്കെടുത്തത്. ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഒരു എഞ്ചിന്‍ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്. വോട്ട്‌മോഷണത്തിലൂടെയുള്ള വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. കഴിഞ്ഞ മാസം 17ന് ബിഹാറിലെ സസാറാമില്‍ നിന്നാണ് വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങിയത്. ബിഹാറിലെ 20 ജില്ലകളിലൂടെ 1300ലധികം കിലോമീറ്ററാണ് രാഹുലും സംഘവും സഞ്ചരിച്ചത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്.

Exit mobile version