ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്ന രീതി തെറ്റ്; ഹാരിസ് ചിറക്കൽ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് 4 വകുപ്പ് മേധാവികൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നാല് വകുപ്പ് മേധാവികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി, ഗാസ്‌ട്രോളജി, നെഫ്രോളജി, ന്യൂറോ സര്‍ജറി വിഭാഗം മേധാവികളാണ് ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നിലപാട് സ്വീകരിച്ചത്. തിരുവനന്തപുരെ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്ന രീതി തെറ്റാണെന്ന് വകുപ്പ് മേധാവികള്‍ വിദഗ്ധ സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് മറച്ചുവെച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന സര്‍ക്കാരിന്റെ സംവിധാനം ശരിയല്ലെന്ന് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു. ഉപകരണങ്ങള്‍ തകരാറിലാകുന്നതുകൊണ്ട് ശസ്ത്രക്രിയ മാറ്റിവെയ്‌ക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും വരുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപകരണം ലഭ്യമാക്കുന്നതിലെ കാലതാമസം യൂറോളജി വിഭാഗം രണ്ടാം യൂണിറ്റിലെ മറ്റൊരു ഡോക്ടറും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബിന്റെ ലഭ്യതക്കുറവായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 2024 ഡിസംബര്‍ 19നായിരുന്നു ഇൗ ഉപകരണം ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഹാരിസ് ചിറക്കല്‍ കത്ത് നല്‍കുന്നത്. ഒരു ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് സൂപ്രണ്ടിന് അനുമതി. അതുകൊണ്ടുതന്നെ ഹാരിസ് ചിറക്കല്‍ ഉന്നയിച്ച ആവശ്യം കളക്ടറുടെ പരിഗണനയ്ക്കായി സൂപ്രണ്ട് കൈമാറി. ഈ വിഷയത്തില്‍ നടപടിയുണ്ടാകുന്നത് 2025 ജൂണ്‍ 23നാണ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കളക്ടറേറ്റില്‍ നിന്ന് അനുമതി ലഭിക്കാന്‍ ആറ് മാസം വരെ കാലതാമസമുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കളക്ടറുടെ ഓഫീസിലെ ഫയല്‍ നീക്കം നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപകരണക്ഷാമം ഹാരിസ് ചിറക്കല്‍ പലവട്ടം ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിഹാരം ഇല്ലാതെ വന്നതോടെയാണ് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ ഉപകരണം വാങ്ങുന്നതിനായി രോഗികളില്‍ നിന്ന് പണപ്പിരിവ് നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലായിരം രൂപവരെ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രോഗികള്‍ നല്‍കി. കാരുണ്യ പദ്ധതിക്ക് കീഴിലെ രോഗികളും പണം നല്‍കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗികളുടെ മൊഴിയില്‍ നിന്നാണ് വിദഗ്ധ സമിതി ഈ നിഗമനത്തില്‍ എത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഹാരിസ് ഉന്നയിച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.

സംഭവം ചര്‍ച്ചയായതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഹാരിസ് ചിറയ്ക്കല്‍ പിന്‍വലിച്ചു. ഇതിന് പിന്നാലെ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി. ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും പറഞ്ഞിരുന്നു.

Exit mobile version